Join Facebook F
Join Twitter T
Join google+ G

നടൻ മുകേഷ് വീണ്ടും ഒരു ഗെയിം ഷോയുമായി മിനിസ്‍ക്രീനില്‍

നടൻ മുകേഷ് വീണ്ടും ഒരു ഗെയിം ഷോയുമായി മിനിസ്‍ക്രീനില്‍ എത്തുന്നു . ഏഷ്യാനെറ്റില്‍ ഇന്നു മുതല്‍ സംപ്രേഷണം ചെയ്യുന്ന സെല്‍ മീ ദ ആന്‍സര്‍ എന്ന പ്രോഗ്രാമിന്റെ അവതാരകനായാണ് മുകേഷ് എത്തുന്നത്. പുതിയ പ്രോഗ്രാമിനെ കുറിച്ചും പ്രൊജക്ടുകളെ കുറിച്ചും മുകേഷ്  പറയുന്നു 
എന്താണ് സെല്‍ മി ദ ആന്‍സര്‍?
ജീവിതവുമായി നല്ല ബന്ധമുള്ള ഒരു ഷോ ആണ് ഇത്. ബുദ്ധിമാന്‍മാരും സാക്ഷരതയുള്ളവരുമാണെങ്കിലും ഒരുപാട് പറ്റിക്കപ്പെടുന്നവരാണ് മലയാളികള്‍. സാധാരണ ജനങ്ങളെ പറ്റിക്കുന്ന അതിമിടുക്കന്‍മാരായ ആള്‍ക്കാരും ഇവിടെയുണ്ട്. നമ്മളെ പറഞ്ഞുപറ്റിച്ച് നമ്മുടെ കയ്യിലിരിക്കുന്ന കാശ് നമ്മളില്‍ നിന്ന് വാങ്ങിച്ചുകൊണ്ടു പോകുന്നു. വന്‍ ചീറ്റിംഗ്. പക്ഷേ മണ്ടന്‍മാരായി എന്ന് മറ്റുള്ളവര്‍ പറയുമോ എന്നു കരുതി പറ്റിക്കപ്പെടുന്നവര്‍ ഇക്കാര്യം പുറത്തുപറയുന്നുമില്ല. ഒരു ആയുഷ്കാലംകൊണ്ട് ഉണ്ടാക്കിയ മുഴുവന്‍ കാശ് പോയാലും സാരമില്ല അഭിമാനം മതി എന്നു കരുതി മിണ്ടാതിരിക്കുന്ന ആളുകളുണ്ട്. അത്തരം പല കാര്യങ്ങളും നമ്മള്‍ അറിയുന്നില്ല. ഈ പ്രോഗ്രാമില്‍ തമാശയായിട്ടോ കാര്യമായിട്ടോ ഒക്കെ പറയുന്നത് ആളുകളെ ശരിയായി മനസ്സിലാക്കുക എന്നാണ്. അവര്‍ പറയുന്നത് ശരിയാണോ? അവര്‍ പറയുന്നത് എത്ര ശതമാനം വിശ്വസിക്കാം എന്നൊക്കെ.
 
മറ്റൊരു വശം കൂടിയുണ്ട്. 'ഇവിടെ ബാര്‍ഗെയിനിംഗ് ഇല്ല' എന്ന് കടയില്‍ എഴുതിവച്ചിട്ടുണ്ടെങ്കില്‍ പോലും ഇത് ലാസ്റ്റ് പ്രൈസ് ആണോ എന്നു ചോദിക്കുന്നവരാണ് കേരളത്തിന് പുറത്തുള്ളവര്‍‍. അഭിമാനമോ ദുരഭിമാനമോ ആണെന്ന് അറിയില്ല, നമ്മുടെ നാട്ടില്‍ വിലപേശല്‍ കുറവാണ്. അതിനുള്ള ജാള്യത മാറ്റണം. വിലപേശി ഉത്തരം വാങ്ങാനുള്ള അവസരമാണ് ഈ പ്രോഗ്രാമിലുള്ളത്.
സാധാരണ എല്ലാ ഷോകളിലും ഓഡിയന്‍സ് കൈ പൊക്കിയോ ബസറില്‍ വിരലമര്‍ത്തിയോ ആണ് അവരുടെ അഭിപ്രായം അറിയിക്കാറുള്ളത്. ഈ പ്രോഗ്രാമില്‍ അങ്ങനെയല്ല. 42 പേരുള്ള ഓഡിയന്‍സ് കൈയടിക്കാന്‍ വേണ്ടി ഇരിക്കുന്ന വെറും കാഴ്ചക്കാരല്ല. അവര്‍ കച്ചവടക്കാര്‍ കൂടിയാണ്. അവരുടെ കയ്യില്‍ ഉത്തരങ്ങളുണ്ടാകും. മറ്റു ഷോകളില്‍ പത്തു ചോദ്യമുണ്ടെങ്കില്‍ രണ്ടോ മൂന്നോ ലൈഫ് ലൈന്‍ കാണും. അത് ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നെ ഒറ്റയ്‍ക്കുള്ള സഞ്ചാരമാണ്. ഇവിടെ അങ്ങനെയല്ല. ജാക്പോട്ട് ചോദ്യം ഒഴികെ ഉള്ളതിന് ഓഡിയന്‍സിന്റെ അടുത്തുപോകാം. സഹായം ചോദിക്കാം. ലൈഫ് ലൈന്‍ തീര്‍ന്നുപോയി എന്ന് ഓര്‍ത്ത് സങ്കടപ്പെടേണ്ട. വിലപേശുന്നതും കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതും എല്ലാമായി ഒരു എനര്‍ജറ്റിക് ആയ അന്തരീക്ഷമുണ്ടാകും. ഭയങ്കര നിയമങ്ങള്‍ ഒന്നും ഈ ഷോയില്‍ ഇല്ല. ഏത് സാധാരണക്കാരനും പങ്കെടുക്കാം. അറിയാമെങ്കില്‍ പറയാം അല്ലെങ്കില്‍ ആദ്യത്തെ ചോദ്യം മുതല്‍ തന്നെ ഉത്തരം വിലയ്‍ക്കു വാങ്ങാം. അതൊക്കെ ഹ്യൂമറിന്റെ മേമ്പൊടിയോടു കൂടി രസകരമായിട്ടാണ് അവതരിപ്പിക്കുന്നത്. 
പെര്‍ഫോര്‍മറുടെ ധര്‍മ്മം ആളുകളെ രസിപ്പിക്കുക
ഇത്തരം പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് തുടക്കത്തില്‍ ചിലരെല്ലാം എന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ നമ്മളിലെ കഴിവ് എന്താണെന്നും ഇങ്ങനെയൊക്കെയുള്ള കഴിവ് നമ്മള്‍ക്ക് ഉണ്ടോയെന്നും കൂടി അറിയേണ്ടേ. എന്റെ ചിന്ത അങ്ങനെയായിരുന്നു. എന്തായാലും ആദ്യ പ്രോഗ്രാം വിജയമായി. എല്ലാവരും അഭിനന്ദിച്ചു. ജനങ്ങളെ രസിപ്പിക്കാനുള്ള ഒരു അവസരം കിട്ടുമ്പോള്‍ ചെയ്യുക എന്നതാണ് ഒരു പെര്‍ഫോര്‍മറുടെ ധര്‍മ്മം എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതുകൊണ്ടു തന്നെ എനിക്കു പറ്റുന്ന പരിപാടികള്‍ ഞാന്‍ ചെയ്യുന്നു.
ഒരു സംഭവം പറയാം. മുമ്പ് ഒരിക്കല്‍ ഞാനും പ്രിയദര്‍ശനും മോഹന്‍ലാലും അമേരിക്കയില്‍ ഒരു സ്വകാര്യ എയര്‍പോര്‍ട്ടില്‍ ഷൂട്ടിംഗ് ചെയ്‍തു കൊണ്ടിരിക്കുകയായിരിക്കുന്നു. അപ്പോള്‍ ആള്‍ക്കാര്‍ വന്നുപറഞ്ഞു, അരമണിക്കൂര്‍ ഷൂട്ടിംഗ് മാറ്റിവയ്‍ക്കണം എന്ന്. ഇവിടെ ഒരു ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യും. കുറച്ചുകഴിഞ്ഞ് ഒരു ഫ്ലൈറ്റ് വന്നു. അതില്‍ നിന്ന് ബില്‍ കോസ്‍ബി ഇറങ്ങിവന്നു. ബില്‍ കോസ്‍ബി ഒരു ടി വി ആങ്കറാണ്. ഒരു ടി വി ആങ്കറിന് പ്ലെയിന്‍ വരെ വാങ്ങാന്‍ സാധ്യതയുള്ള രാജ്യമാണ് അമേരിക്ക. ഇവിടെ അത് കുറച്ചുകാണിച്ചിട്ട് കാര്യമില്ല. നമ്മള്‍ ഇറങ്ങിച്ചെല്ലുക, ബില്‍ കോസ്‍ബി ആയില്ലെങ്കിലും എന്തെങ്കിലും തരത്തില്‍ ആള്‍ക്കാരെ രസിപ്പിക്കാനും പ്രോഗ്രാം വിജയിപ്പിക്കാനും പറ്റും. അത് സിനിമയാണെങ്കിലും നാടകമാണെങ്കിലും എല്ലാം അങ്ങനെതന്നെ. ഇവയിലെല്ലാം പെര്‍ഫോര്‍മര്‍ക്ക് സ്‍കോപ്പുണ്ട്. ചിലപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്യേണ്ടിവരുമെന്ന് മാത്രം.
 
വീണ്ടും അരങ്ങില്‍
 
ഛായാമുഖിക്ക് ശേഷം വീണ്ടും ഒരു നാടകം ചെയ്യുകയാണ്. നാഗ എന്നാണ് പേരിട്ടിരിക്കുന്നത്. ഗിരീഷ് കര്‍ണ്ണാട് എഴുതിയ നാഗമണ്ഡല എന്ന സിനിമയെ അടിസ്ഥാനമാക്കിയാണ് നാടകം. ഞാനും ഭാര്യ മേതില്‍ ദേവികയും സന്ധ്യാ രാജേന്ദ്രനുമാണ് പ്രധാന വേഷങ്ങളില്‍. 20ഓളം മറ്റു അഭിനേതാക്കളുമുണ്ട്. ആദ്യസിനിമയ്‍ക്ക് ദേശിയ പുരസ്‍കാരം നേടുകയും പ്രമുഖ നാടകപ്രവര്‍ത്തകനുമായ സുവീരന്‍ ആണ് സംവിധായകന്‍. വെള്ളിത്തിരയില്‍
 
രണ്ട് സിനിമകളിലാണ് ഉടന്‍ അഭിനയിക്കുന്നത്. ഒന്ന് ഫഹദ് നായകനായ 'നാളെ' എന്ന ചിത്രമാണ്. സിജു എസ് ബാവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറ്റൊന്ന്  റാഫിയുടെ തിരക്കഥയില്‍ ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കാനഡയിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യുക.
 
അരുവിക്കരയിലെ തെരഞ്ഞെടുപ്പ്
 
ഞാന്‍ ഇന്നോ ഇന്നലെ ഇടതുപക്ഷക്കാരനായതല്ല. ഒരു ഇടതുപക്ഷ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഇടതുപക്ഷത്തല്ലാതെ ഇതുവരെ ഒരു പാര്‍ട്ടിയിലും നിന്നിട്ടില്ല. ഏറ്റക്കറച്ചിലുകളും പ്രയാസകരമായ കാര്യങ്ങളുമൊക്കെ ഇടതുപക്ഷത്തിന് സംഭവിച്ച കാലത്തുമൊക്കെ നമ്മള്‍ സജീവമായിട്ട് നിന്നു. ഇപ്പോഴും അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു.
ഇപ്പോഴത്തെ ഒരു സാഹചര്യത്തില്‍ ഇടതുപക്ഷം ജയിക്കേണ്ടത് അനിവാര്യമാണ്. കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം ഇവിടെ നടക്കുന്ന കാര്യങ്ങള്‍. ഇടതുപക്ഷം ജയിച്ചില്ലെങ്കില്‍ ഇതെല്ലാം ശരിയാണെന്ന് ഇങ്ങനെയൊക്കെ ആവാം എന്ന രീതി വരും. മറുപക്ഷത്തിന് ഒരു താക്കീത് നല്‍കണമെങ്കില്‍ ഇടതുപക്ഷം ജയിക്കണം. ഇത്തരം ഗൗരവതരമായ പശ്ചാത്തലത്തിലാണ് ഇടതുപക്ഷത്തിനു വേണ്ടി അരുവിക്കരയില്‍ പ്രവര്‍ത്തിച്ചത്. മൂന്നു സ്ഥാനാര്‍ഥിമാരും മോശമല്ല എന്നു തന്നെയാണ് അരുവിക്കരയില്‍ പറഞ്ഞത്. പക്ഷേ ഇപ്പോള്‍ അവരുടെ പാര്‍ട്ടിയുടെ ടോട്ടാലിറ്റി ആണ് കണക്കിലെടുക്കേണ്ടത്. അവര്‍ ഇപ്പോള്‍ നില്‍ക്കുന്ന ഇടം ശരിയല്ല.

Cinema Express Back to page

TOP NEWS

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര നടന്‍ ദിലീപിന് ജാമ്യമില്ല. കേരള ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലായിരുന്നു വിധി. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ --

തമിഴ് സിനിമാ രംഗത്തെ പിടിച്ചുലച്ച 'സുചി ലീക്സ്' ട്വിറ്റര്‍ അലയടികള്‍ ഒടുങ്ങുമ്പോള്‍ അടുത്ത ഭീഷണി മലയാള താരങ്ങള്‍ക്ക്. ഗായിക സുചിത്ര കാര്‍ത്തികിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് --

'കിസ്മത്ത്' നായിക ശ്രുതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വരൻറെ ഫോട്ടോയാണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പ്രഖ്യാപിക്കും. ഒഡിഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബീര്‍ ആണ് ജൂറി ചെയര്‍മാന്‍.

ഒക്ടോബറില്‍ പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ലോകമറിയുന്ന റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്ത് വന്നു. ഹോട്ടല്‍മുറിയില്‍ വച്ച് --

ഭരണഘടനാ പരിഷ്‌കരണത്തിനായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി നവംബര്‍ 23-ന് ഹിതപരിശോധന നടത്തിയിരുന്നു. എന്നാല്‍ അത് സര്‍ക്കാറിന്റെ

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net